Wednesday, May 29, 2013

വിധേയത്വത്തിന്റെ വിശുദ്ധവഴികള്‍


                           വിധേയത്വനിര്‍മ്മാണത്തില്‍ സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നവരുടെ മിത്തുകള്‍ക്കുള്ള പങ്കു വളരെ വലുതാണ്‌. 

അവരുടെ അംഗീകൃത ജീവചരിത്രങ്ങളിലും അവരെക്കുറിച്ചുള്ള പള്ളിപ്രസംഗങ്ങളിലും ഏറ്റവുമധികം ഊന്നല്‍ ലഭിക്കുന്നത്‌ സഭയ്‌ക്ക്‌ അവര്‍ എത്രമാത്രം കീഴ്‌പ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു എന്നതിനാണ്‌. 


12-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലിയോണ്‍സില്‍ പീറ്റര്‍ വാല്‍ഡസ്‌(1140 - 1218) എന്നൊരു ധനവാന്‍ യേശുവിനെ അനുകരിച്ച്‌ സമ്പത്തെല്ലാമുപേക്ഷിച്ച്‌ ലളിതജീവിതം നയിക്കാന്‍ തുടങ്ങി. അദ്ദേഹം ഒരു പ്രാദേശികഭാഷയിലേക്കു ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ദൈവത്തെയും പണത്തെയും ഒരേസമയം പൂജിക്കുന്ന പുരോഹിതന്മാരെ വിമര്‍ശിക്കുകയും ചെയ്‌തു. അദ്ദേഹവും അനുയായികളും ``ലിയോണ്‍സിലെ ദരിദ്രര്‍'' എന്നാണു സ്വയം വിളിച്ചിരുന്നത്‌. പിന്നീടവര്‍ വാല്‍ഡന്‍സിയന്‍സ്‌ എന്നറിയപ്പെടാന്‍ തുടങ്ങി. സഭ ആ സംഘത്തെ മുടക്കുകയും 1211-ല്‍ അവരില്‍ എണ്‍പതിലധികം പേര്‍ സ്‌ട്രാസ്‌ബൂര്‍ഗ്‌ പട്ടണത്തില്‍ വച്ചു ചുട്ടെരിക്കപ്പെടുകയും ചെയ്‌തു.5 
                 വാല്‍ഡസിനു തൊട്ടുപിന്നാലെ വന്ന ഫ്രാന്‍സിസ്‌ അസ്സീസി(1182 -1226) എന്ന വിശുദ്ധന്റെ ജീവചരിത്രത്തില്‍ വാല്‍ഡസിനെപ്പോലുള്ള പരിഷ്‌ക്കര്‍ത്താക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള ധാരാളം പരാമര്‍ശങ്ങള്‍ കാണാം.6 


                ഇതാണു രാക്ഷസീയമായ ഒരു അപരത്തെ നിര്‍മ്മിച്ചെടുത്ത്‌ ആ ഉമ്മാക്കി കാട്ടി കൂടെയൂള്ളവരില്‍ ഭീതിയും വിധേയത്വവും ജനിപ്പിക്കുന്ന ഫാസിസ്റ്റ്‌ തന്ത്രം. ഫ്രാന്‍സിസ്‌ അസ്സീസിയെ വാല്‍ഡസിന്റെ പിന്‍ഗാമിയെന്നു ന്യായമായും വിളിക്കാം. ധനികപുത്രനായിരുന്ന അദ്ദേഹവും വാല്‍ഡസിനെപോലെ സ്വയം നിസ്വനായി ലളിതജീവിതം തിരഞ്ഞെടുത്തു. തന്റെ ചെറുസംഘത്തിനു ``നിസ്സാരന്മാരുടെ സഭ'' എന്നു നാമകരണവും ചെയ്‌തു. 

                       വാല്‍ഡസിനെ മുടക്കിയ പോപ്പ്‌ ഇന്നസ്‌ന്റ്‌ മൂന്നാമന്റെയടുത്ത്‌ തന്റെ സംഘത്തന്‌ അംഗീകാരത്തിനായി ഫ്രാന്‍സിസ്‌ ചെന്നപ്പോള്‍ ``നീ പോയി പന്നികളോടു സുവിശേഷം പ്രസംഗിച്ചുകൊള്ളുക'' എന്നായിരുന്നു പോപ്പിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം. അതൊരു കല്‍പനയായി ഏറ്റെടുത്ത്‌ ഫ്രാന്‍സിസ്‌ ഒരു പന്നിക്കൂട്ടത്തോടുതന്നെ വചനം പ്രസംഗിച്ചു എന്നാണ്‌ ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. തുടര്‍ന്നു സംഘത്തിന്‌ അംഗീകാരവും ഫ്രാന്‍സിസിനു വൈദികപട്ടവും കിട്ടി.                     

                                     അദ്ദേഹം അവസാനംവരെ പുരോഹിതമേധാവികളോടു തികഞ്ഞ വിധേയത്വം പുലര്‍ത്തിയിരുന്നു. ദൂര്‍മ്മാര്‍ഗ്ഗിയായ ഒരു പുരോഹിതന്റെ കൈ വിശുദ്ധന്‍ പരസ്യമായി ചുമ്പിച്ചെന്നു വായിക്കുന്ന വിശ്വാസിക്കു പകര്‍ന്നുകിട്ടുന്ന സന്ദേശമെന്തെന്ന്‌ ഊഹിക്കാമല്ലോ. വിശുദ്ധ ഫ്രാന്‍സിസിനെ പോലുള്ളവരുടെ ജീവിതത്തില്‍ നിന്ന്‌ അന്ധമായ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും പാഠങ്ങളാണ്‌ വിശ്വാസികള്‍ക്കു സഭ പകര്‍ന്നുകൊടുക്കുന്നത്‌. ഇവ രണ്ടിന്റെയും പേരിലാണല്ലോ വി. അത്ഭോന്‍സാമ്മ പ്രകീര്‍ത്തിക്കപ്പെടുന്നതും. 


                     19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിന്നുമുണ്ടായി വി. ഫ്രാന്‍സിസിനൊരു അനുയായി - കുട്ടനാടുകാരനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. അദ്ദേഹം തുടക്കംകുറിച്ച ``കയറുകെട്ടിയവരുടെ സഭ''യാണിന്നു കേരളത്തില്‍ അല്‍മായ മൂന്നാം സഭയെന്ന്‌ അറിയപ്പെടുന്ന ഭക്തസംഘടന. വാല്‍ഡസിനെപോലെ അദ്ദേഹവും സഭാവിലക്കനുഭവിച്ചെങ്കിലും സ്വയം കീഴടങ്ങി രക്ഷപ്പെട്ടു. 

                          അയിത്തജാതിക്കാരോടു സഹവസിച്ചിരുന്ന അദ്ദേഹത്തെ ഒരു നായര്‍സ്‌ത്രീ അപമാനിച്ചതിന്റെ വിവരണം ജീവചരിത്രത്തിലുണ്ട്‌. അതില്‍നിന്നൊട്ടും ഭിന്നമായിരുന്നില്ല പുരോഹിതന്മാരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും. ഒരു പള്ളിയോഗത്തില്‍ താമസിച്ചെത്തിയ അദ്ദേഹത്തോടു വികാരിയച്ചന്‍ കല്‍പിച്ചത്‌ ഓരോ അംഗത്തിന്റെയും മുന്നില്‍ മുട്ടുകുത്തി മാപ്പിരക്കാനാണ്‌. അതദ്ദേഹം അതേപടി അനുസരിക്കുകയും ചെയ്‌തു. 7 
                      ഈവക മിത്തുകളുടെയെല്ലാം വിധേയത്വനിര്‍മ്മാണശേഷി കുറച്ചൊന്നുമല്ല. തൊമ്മച്ചനെയും വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മറിയക്കുട്ടിക്കൊലക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫാദര്‍ ബെനഡിക്ടിനെ സഹനദാസനെന്നു വിശേഷിപ്പിക്കുന്ന ഒരു ബോര്‍ഡ്‌ അതിരമ്പുഴപ്പള്ളിയുടെ മുറ്റത്തുകാണാം. 


5. Ellwood, Robert S. and Gregory D. Alles, eds.�The Encyclopedia of World Religions, p. 471. Infobase Publishing, New York: 2007


6. ഫാ. ലിയോ കപ്പൂച്ചിന്‍, അസ്സീസിയിലെ വി. ഫ്രാന്‍സിസ്‌, ജീവന്‍ ബുക്‌സ്‌, ഭരണങ്ങാനം, 2006


7. പ്രൊഫ. ജെയിംസ്‌ സെബാസ്റ്റ്യന്‍, സുവിശേഷ ഭാഗ്യങ്ങളുടെ മനുഷ്യന്‍, ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ, ചങ്ങനാശ്ശേരി, 2010


(വിധേയത്വത്തിന്റെ നിര്‍മ്മാണവിദ്യകള്‍ എന്ന പേരില്‍ 2012 ഓഗസ്റ്റ്‌ ലക്കം പച്ചക്കുതിരയില്‍ വന്ന ലേഖനത്തില്‍ നിന്ന്‌)))